എരുമേലി: കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയ ശബരിമല പാതയിലെ പാലങ്ങളിൽനിന്ന് വെള്ളം ഇറങ്ങിയെങ്കിലും മാസപൂജയ്ക്ക് ശബരിമല ദർശനത്തിന് തീർഥാടകർ എത്തുന്നത് മുൻനിർത്തി സുരക്ഷ ശക്തമാക്കി പോലീസ്. ശബരിമല സമാന്തര പാതയിലെ മൂക്കൻപെട്ടി, എയ്ഞ്ചൽവാലി പാലങ്ങൾ ആണ് വെള്ളപ്പൊക്കത്തിൽനിന്ന് അൽപ്പം മുക്തമായത്.
അതേസമയം അറയാഞ്ഞിലിമണ്ണ്, കുറുമ്പൻമുഴി പാലങ്ങൾ വെള്ളത്തിനടിയിലാണ്. കണമലയിലെ പഴയ കോസ്വേ പാലവും വെള്ളത്തിനടിയിലാണ്. എരുമേലിയിലെ ഓരുങ്കൽ കടവ് പാലത്തിൽനിന്ന് വെള്ളം ഇറങ്ങിയെങ്കിലും അപകട സാധ്യത മുൻനിർത്തി പാലത്തിൽ ഗതാഗതം തടഞ്ഞിരിക്കുകയാണ്. ശബരിമല പാതകളിലെ നദികളിലും തോടുകളിലും അയ്യപ്പഭക്തർ കുളിക്കാൻ ഇറങ്ങുന്നത് തടഞ്ഞിട്ടുണ്ട്. പ്രധാന കടവുകളിൽ പോലീസ് ഡ്യൂട്ടിയിലുണ്ട്.
പമ്പാവാലി ശബരിമല പാതയിൽ കണമല ഇറക്കം ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായത് നീക്കി ഗതാഗത തടസം പരിഹരിച്ചെങ്കിലും പലയിടത്തും വെള്ളക്കെട്ട് അപകട സാധ്യത സൃഷ്ടിക്കുന്നുണ്ട്.
മേഖലയിൽ വ്യാപകമായി കൃഷി നാശങ്ങൾ സംഭവിച്ചത് ഉൾപ്പെടെ വെള്ളപ്പൊക്ക കെടുതികളുടെ കണക്ക് റവന്യു വകുപ്പ് ശേഖരിക്കുന്നുണ്ട്. എരുമേലി ടൗണിന് സമീപം സർക്കാർ ആയുർവേദ ആശുപത്രി, കൃഷി ഭവൻ എന്നിവിടങ്ങളിൽ വെള്ളം കയറി നാശനഷ്ടം നേരിട്ടിരുന്നു.